ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു പോഷക ഘടകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യം, മെച്ചപ്പെട്ട പ്രതിരോധ ശേഷി, ശരീരത്തിലെ നീർക്കെട്ടുകളുടെ ലഘൂകരണം, കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും ആഗീരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കെല്ലാം വിറ്റാമിൻ ഡി വളരെ അത്യാവശ്യമാണ്. ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
എല്ലുകൾക്കും പേശികൾക്കും വേദന
ഇടയ്ക്കിടെ ഉണ്ടാകുന്ന പുറം വേദന, ആർത്രൈറ്റിസ്, പേശി വേദന തുടങ്ങിയവ വൈറ്റമിൻ ഡി കുറഞ്ഞു വരുന്നതിന്റെ ലക്ഷണമാണ്.
വീഴ്ചയിലെ ഒടിവുകൾ
സാധാരണ എഴുന്നേറ്റ് നിൽക്കുന്ന ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ പോലും എല്ലുകൾ ഒടിയുന്നത് വൈറ്റമിൻ ഡി അഭാവം മൂലമാണ്. പ്രായമായവരിൽ ഇത് വളരെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പേശികളുടെ കോച്ചിപ്പിടുത്തം
പേശികളിൽ ഇടയ്ക്ക് വന്ന് ഉടനെ അപ്രതക്ഷ്യമാകുന്ന ഞരമ്പുവലി, കോച്ചിപിടുത്തം തുടങ്ങിയവയും വിറ്റാമിൻ ഡി അഭാവത്തിന്റെ ലക്ഷണങ്ങളാണ്. കാലുകളിലാണ് സാധാരണ ഇത് വരാറുള്ളത്.
മൂഡ് മാറ്റങ്ങൾ
ദൈനംദിന പ്രവൃത്തിയിലുണ്ടാകുന്ന നേരിയ മാറ്റം പോലും സമ്മർദവും ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കാറുണ്ടോ. എങ്കിൽ ഇതിന് പിന്നിൽ വൈറ്റമിൻ ഡി അഭാവത്തിനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
ക്ഷീണം
നന്നായി ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിയിട്ടും അകാരണായ ക്ഷീണം തോന്നാറുണ്ടോ. വിറ്റാമിൻ ഡിയുടെ അഭാവമായിരിക്കും ഇതിന് പിന്നിലെ കാരണം.
ഇടയ്ക്കിടെയുള്ള അണുബാധകൾ
വിറ്റാമിൻ ഡി അണുബാധകളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകുന്നു. വിറ്റാമിൻ ഡി യുടെ അഭാവം കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനും ഇവ തീവ്രമാകാനുമുള്ള സാധ്യത കൂട്ടും.

