വിഴിഞ്ഞം സംഘര്‍ഷം മനപൂര്‍വം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷം മനപൂര്‍വം ഉണ്ടാക്കുന്നതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

‘രാജ്യശ്രദ്ധ കിട്ടാന്‍ വേണ്ടി സമരം നടത്തുകയാണ്. സമരം നടത്തുന്നവരില്‍ തന്നെ വ്യത്യസ്ത ചേരികളുണ്ട്. സര്‍ക്കാര്‍ എന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താന്‍ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് വരുന്നത്. ചര്‍ച്ച പരാജയപെടുന്നതും സമരക്കാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണ്’- അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികള്‍ തടഞ്ഞതോടെ സമരഭൂമി ഇന്ന് യുദ്ധക്കളമായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു.