പിഎസ്എൽവി-സി 54 ദൗത്യം വിജയകരം; 9 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി

ചെന്നൈ: ഇന്ത്യയ്ക്ക് അഭിമാന നേട്ടം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എൽവി-സി 54 ദൗത്യം വിജയകരമായി. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച രാവിലെ 11.56നായിരുന്നു പിഎസ്എൽവി റോക്കറ്റിന്റെ വിക്ഷേപണം. 1172 കിലോ ഭാരമുള്ള ഓഷ്യൻസാറ്റാണ് ഈ വിക്ഷേപണത്തിലെ ഏറ്റവും പ്രധാന ഉപഗ്രഹം.

ഒൻപത് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയും പൂർത്തിയായി. ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (ഒസിടി) ഉപയോഗിച്ച് ഭ്രമണപഥം മാറ്റിയാണ് ഇതു സാധ്യമായത്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെട്ടു. തുടർന്ന് റോക്കറ്റ് 516 കിലോമീറ്ററിലേക്ക് താഴ്ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിച്ചത്. അവസാന ഉപഗ്രഹം 528 കിലോമീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചത്. ആകെ 2.17 മണിക്കൂർ സമയമാണ് ദൗത്യം പൂർത്തീകരിക്കാൻ എടുത്തത്.

ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്6). ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാൻ വികസിപ്പിച്ച ഉപഗ്രഹം ഐഎൻഎസ് 2ബി, സ്വകാര്യ സ്റ്റാർട്ടപ്പ് പിക്‌സൽ ഇന്ത്യയുടെ ‘ആനന്ദ്’, ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്പേസിന്റെ ‘തൈബോൾട്ട്’ (രണ്ട് ഉപഗ്രഹങ്ങൾ) യുഎസിന്റെ സ്‌പേസ് ഫ്‌ലൈറ്റ് ഇൻക് വികസിപ്പിച്ച നാല് ഉപഗ്രഹങ്ങൾ എന്നിവയാണ് ഇന്നു ഭ്രമണപഥത്തിലെത്തിയത്.