വിഴിഞ്ഞം തുറമുഖ നിർമ്മാണം; പോലീസുകാരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി സമരക്കാർ. പ്രദേശത്ത് പോലീസുകാരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സംഭവസ്ഥലത്ത് കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

തുറമുഖനിർമ്മാണം തടസ്സപ്പെടുത്താതെ സമരം തുടരാമെന്ന് നേരത്തെ ഹൈക്കോടതിവ്യക്തമാക്കിയിരുന്നു. തുടർന്നാണ് നിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടന്നത്. ടോറസ് ലോറിയിൽ നിർമ്മാണസാമഗ്രികൾ എത്തിച്ചപ്പോൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാർ തടഞ്ഞു. പിന്നാലെ, തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്നവർ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘർഷത്തിലേക്ക് വഴി തെളിച്ചു.

പദ്ധതി പ്രദേശത്തേക്ക് ടോറസ് ലോറികൾ കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പദ്ധതിയെ എതിർക്കുന്നവർ. വാഹനം കടത്തിവിടണമെങ്കിൽ സമരപന്തൽ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇത് സമരക്കാർ പ്രതിരോധിച്ചതോടെയാണ് സംഘർഷം നടന്നത്. ലോറികൾക്ക് മുന്നിൽ കിടന്നും പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് വാഹനങ്ങൾ അവിടെനിന്നും മാറ്റി. നിർമ്മാണാവശ്യത്തിനുള്ള പാറക്കല്ലുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിലിരുന്നു കിടന്നും പ്രതിഷേധം നടത്തുകയായിരുന്നു.