തലശ്ശേരി ഇരട്ട കൊലപാതകം: ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: ലഹരി വില്‍പ്പന ചോദ്യം ചെയ്തതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമാണ് തലശ്ശേരി ഇരട്ട കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷാബില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ രണ്ടാംപ്രതി ജാക്‌സന്റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന സംശയത്തില്‍ പൊലീസ് നേരത്തേ പരിശോധന നടത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കൊലപാതകത്തിലെ ഏഴ് പ്രതികളെയും തലശ്ശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷമീറിനെയും ഖാലിദിനെയും കുത്തിക്കൊല്ലാനുപയോഗിച്ച കത്തിയാണ് പോലീസിനു ലഭിച്ച പ്രധാന തെളിവ്. മൂന്നാം പ്രതി സന്ദീപിന്റെ ഷോപ്പിനടുത്തുള്ള വീടിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ പേപ്പറില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. വീടിനടുത്ത് നിന്ന് അല്‍പം മാറി ആളൊഴിഞ്ഞയിടത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു ഓട്ടോറിക്ഷ. ആയുധവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് സാഹസികമായി പാറായി ബാബുവിനെ കീഴ്‌പ്പെടുത്തിയത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് തലശ്ശേരിയിലേതെന്നാണ് പൊലീസിന്റെ നിഗമനം.