ഇന്ത്യയുടെ ചരിത്രം അടിമത്വത്തിന്റേത് മാത്രമല്ല, യോദ്ധാക്കളുടേത് കൂടി; ലചിത് ബർഫുകാനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രം അടിമത്വത്തിന്റേത് മാത്രമല്ല, യോദ്ധാക്കളുടേത് കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടേത് വിജയത്തിന്റെ ചരിത്രമാണ്, ത്യാഗത്തിന്റെയും നിസ്വാർത്ഥതയുടെയും ധീരതയുടെയും ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കൊളോണിയൽ കാലത്തെ ഗൂഢാലോചനയുടെ ഭാഗമായി എഴുതപ്പെട്ട ചരിത്രമാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം അടിമത്വത്തിന്റെ അജണ്ടയിൽ മാറ്റം വരുത്തേണ്ടിയിരുന്നു. എന്നാൽ അത് നടന്നില്ല. രാജ്യത്തിന്റെ എല്ലാ കോണിലും ധീരപുത്രന്മാരും പുത്രിമാരും അടിച്ചമർത്തലിനെതിരെ പോരാടിയെങ്കിലും ഈ ചരിത്രം മനഃപ്പൂർവ്വം അടിച്ചമർത്തപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലചിത് ബർഫുകാന്റെ 400-ാം ജന്മദിനാഘോഷ വേളയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കൊളോണിയൽ കാലത്തെ ഗൂഢാലോചനയുടെ ഭാഗമായി ചരിത്രത്താളുകളിൽ വിസ്മരിക്കപ്പെട്ട വീരപുരുഷന്മാരെ അനുസ്മരിച്ചും, രാജ്യത്തെ നാനാവിധമായ പൈതൃകത്തെ ആഘോഷിച്ചും ഇന്ത്യ കഴിഞ്ഞകാല തെറ്റുകൾ തിരുത്തുകയാണ്. ഇന്ന് ഇന്ത്യ കൊളോണിയലിസത്തിന്റെ ചങ്ങലകൾ തകർത്ത് നമ്മുടെ പൈതൃകത്തെ ആഘോഷിക്കുകയാണ്. നമ്മുടെ ധീരന്മാരെ അഭിമാനത്തോടെ സ്മരിച്ച് മുന്നേറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലചിത് ബർഫുകൻ രക്തബന്ധങ്ങൾക്ക് മുകളിൽ ദേശീയ താൽപ്പര്യം നിലനിർത്തിയിട്ടുണ്ട്. തന്റെ അടുത്ത ബന്ധുവിനെ പോലും ശിക്ഷിക്കാൻ മടിച്ചിട്ടില്ല. രാജവംശത്തിന് മുകളിൽ ഉയരാനും രാജ്യത്തെ കുറിച്ച് ചിന്തിക്കാനും ലചിത് ബർഫുകന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു. രാജ്യത്തേക്കാൾ വലുതല്ല ഒരു ബന്ധവും എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

അസമിലെ അഹോം രാജ്യത്തിലെ റോയൽ ആർമിയുടെ ജനറൽ ആയിരുന്നു ബർഫുകൻ. മുഗളന്മാരെ പരാജയപ്പെടുത്തുകയും ഔറംഗസേബിന് കീഴിൽ അവർ നടത്താനിരുന്ന പടയോട്ടത്തെ ഫലപ്രദമായി തടയുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.