ഡല്‍ഹി വംശീയ കലാപത്തില്‍ നിങ്ങള്‍ ഏത് പാഠമാണ് പഠിപ്പിച്ചത്? അമിത് ഷായോട് ഒവൈസി

ജുഹാപുര: 2002ല്‍ സംസ്ഥാനത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ഗുജറാത്തിലെ ജുഹാപുരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.

‘എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്. ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങള്‍ മോചിപ്പിച്ചതാണ് 2002ല്‍ നിങ്ങള്‍ പഠിപ്പിച്ച പാഠം, ബില്‍ക്കീസിന്റെ മൂന്ന് വയസ്സുള്ള മകള്‍ അഹ്സന്റെ കൊലയാളികളെ നിങ്ങള്‍ മോചിപ്പിക്കും. അഹ്സന്‍ ജാഫ്രി കൊല്ലപ്പെടും…നിങ്ങളുടെ ഏത് പാഠങ്ങളാണ് ഞങ്ങള്‍ ഓര്‍ക്കുക? ആഭ്യന്തര മന്ത്രി പറയുന്നത് അവര്‍ ഒരു പാഠം പഠിപ്പിച്ചുവെന്നാണ്. അമിത് ഷാ സാഹബ് ഡല്‍ഹി വംശീയ കലാപത്തില്‍ നിങ്ങള്‍ ഏത് പാഠമാണ് പഠിപ്പിച്ചത്?- അദ്ദേഹം ചോദിച്ചു.

അതേസമയം, ഗുജറാത്ത് കലാപത്തിന് പിന്നാലെ സംസ്ഥാനത്തെ അക്രമികളെ അടിച്ചമര്‍ത്തിയെന്നും സമാധാനം കൊണ്ടുവന്നെന്നുമാണ് അമിത് ഷാ ഖേദ ജില്ലയിലെ മഹുധ പട്ടണത്തിലും ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ പറഞ്ഞത്. 2002ലെ കലാപത്തില്‍ ബിജെപി അക്രമികളെ പാഠം പഠിപ്പിച്ചെന്നും പിന്നീട് 2022 വരെ കലാപകാരികള്‍ തലയുയര്‍ത്താന്‍ ശ്രമിച്ചില്ലെന്നും ബിജെപി, ഗുജറാത്തില്‍ ശാശ്വത സമാധാനം കൊണ്ടുവന്നെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 2002 മുതല്‍ 2022 വരെ അക്രമത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് അവര്‍ വിട്ടുനിന്നുവെന്നും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. ‘2001 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നു. 2002 ന് ശേഷം എവിടെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായില്ല. എല്ലാവരും സ്ഥലത്തു വീണു. ഇപ്പോള്‍ ഒരു മാഫിയ ഉണ്ടോ? ഒരു ദാദ (ഗുണ്ടാസംഘം) ഉണ്ടോ?’ എന്നായിരുന്നു അമിത് ഷാ ചോദിച്ചത്.