അഭിമാന നേട്ടം; ഉന്നതപഠനത്തിന് യുകെ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ഉന്നതപഠനത്തിന് യുകെ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. യു.കെയുടെ ഔദ്യോഗിക ഇമിഗ്രേഷൻ സ്റ്റാറ്റിസ്‌ക്സ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മൂന്ന് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 273 ശതമാനം വർധനവാണ് ഉണ്ടായതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

സ്‌കിൽഡ് വർക്കർ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ വിസ അനുവദിച്ചതും ഇന്ത്യക്കാർക്കാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം മാത്രം ഇന്ത്യക്കാർക്കായി അനുവദിച്ചത് 56,044 വർക്ക് വിസകളാണ്. ആരോഗ്യമേഖലയിൽ അനുവദിക്കപ്പെട്ട വർക്ക് വിസകളിൽ 36 ശതമാനവും ഇന്ത്യക്കാർക്കാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

34,261 ഇന്ത്യക്കാർക്കാണ് 2019-ൽ പഠന വിസ അനുവദിച്ചത്. 1,27,731 വിസകളാണ് 2022-ൽ സെപ്തംബർ വരെ മാത്രം അനുവദിച്ചത്. നൈജീരിയ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് മൂന്നിരട്ടിയുടെ വർധനവുണ്ടായി. ഈ വർഷം 1,16,476 ചൈനീസ് വിദ്യാർഥികൾക്കാണ് സ്റ്റഡി വിസ അനുവദിക്കപ്പെട്ടത്. 2019-ൽ 1,19,231 വിസകളും അനുവദിച്ചു.