സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. വ്യാജൻമാർക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. എണ്ണയിലെ മായം കണ്ടെത്താനുള്ള വഴി എന്താണെന്ന് നോക്കാം
ചില്ലു ഗ്ലാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം. ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറം ഉണ്ടാകില്ല. മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും. നേരിയ ചുവപ്പു നിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം. വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ കെമിക്കൽ/പെട്രോളിയം മായത്തിനും തെളിവാണ്. കെമിക്കൽ ട്രീറ്റുമെന്റുകളും രാസമാലിന്യങ്ങളും തിരിച്ചറിയണമെങ്കിൽ വിശദമായ ലാബ് പരിശോധന വേണം.
അതേസമയം, ബ്രാൻഡ് രജിസ്ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കളും നിർബന്ധമായും എടുക്കണമെന്ന് ആരോഗ്യമന്ത്രി കർശന നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയാനും പിടിച്ചെടുത്ത് നിയമ നടപടിയ്ക്ക് വിധേയമാക്കാനും ഇതു വഴി കഴിയും. എണ്ണയിൽ സൾഫറിന്റെ സാന്നിദ്ധ്യം പരിശോധിക്കുന്നുണ്ട്. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

