ന്യൂഡൽഹി: സുപ്രീംകോടതി ലൈവ് സംപ്രേഷണത്തിന്റെ വീഡിയോ ക്ലിപ്പുകൾ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്ക പങ്കുവെച്ച് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ഇത്രയും വലിയൊരു രാജ്യത്ത് ഇന്റർനെറ്റ് ലഭ്യതയിൽ ഒട്ടേറെ പ്രതിബന്ധങ്ങളുള്ള കാര്യം കൂടി കണക്കിലെടുക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൈവ് സംപ്രേഷണത്തിനായി പ്രത്യേക സംവിധാനം ആരംഭിച്ചു കഴിഞ്ഞാൽ ലൈവ് വീഡിയോകൾ മാത്രമായിരിക്കും ഉണ്ടാകുകയെന്നും മുൻകൂട്ടി അപേക്ഷ നൽകുന്ന അർഹരായവർക്കു മാത്രമേ അതിലേക്ക് പ്രവേശനം ലഭിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
ലൈവ് സംപ്രേഷണം കാണാൻ അവസരം നൽകുക ഗവേഷകർ, ഹർജിക്കാർ, അഭിഭാഷകർ എന്നിവർക്കായിരിക്കും. മിക്കവാറും ഹൈക്കോടതികൾ ഇപ്പോൾ ലൈവ് സംപ്രേഷണം നടത്തുന്നുണ്ട്. ഇതിനായി ഒരു സ്വന്തം സംവിധാനമൊരുക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ലൈവ് വീഡിയോകളുടെ പകർപ്പവകാശം സുപ്രീംകോടതിക്കു മാത്രമായിരിക്കുന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് പറഞ്ഞു.
ലൈവ് സംപ്രേഷണത്തിനുള്ള നിയമങ്ങൾ രൂപീകരിക്കുമ്പോൾ ഇന്ദിര ജയ്സിംഗിന്റെ നിർദേശങ്ങൾ കൂടി സുപ്രീംകോടതി സെക്രട്ടറി ജനറലിന് നൽകണമെന്നാണ് ചീഫ് ജസ്റ്റീസ് നൽകിയിട്ടുള്ള നിർദ്ദേശം.

