ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ പൂട്ടി ഇക്വഡോര്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നെതര്‍ലന്‍ഡ്സിന് വേണ്ടി ഗാക്പോയും ഇക്വഡോറിന് വേണ്ടി ഉദ്ഘാടന മത്സരത്തിലെ ഹീറോ എന്നര് വലന്‍സിയയും ഗോളുകള്‍ നേടി.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഗാക്പോ ഓറഞ്ച് പടയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. തുടര്‍ന്ന് കൊണ്ടും കൊടുത്തും മുന്നേറിയ ഒന്നാം പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ വര്‍ദ്ധിത വീര്യത്തോടെ ഇറങ്ങിക്കളിച്ച ഇക്വഡോര്‍, നെതര്‍ലന്‍ഡ്സിനെ നിരന്തരം വിറപ്പിച്ചു. നാല്‍പ്പത്തിയൊന്‍പതാം മിനിറ്റില്‍ വലന്‍സിയ നെതര്‍ലന്‍ഡ്സിന്റെ വല കുലുക്കി. ഈ ലോകകപ്പില്‍ വലന്‍സിയയുടെ മൂന്നാമത്തെ ഗോളാണ് ഇത്. അവസാന ഘട്ടത്തില്‍ വലന്‍സിയ പരിക്കേറ്റ് പുറത്തായത് ഇക്വഡോര്‍ പാളയത്തില്‍ ആശങ്ക വിതച്ചിട്ടുണ്ട്.
സമനില ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഡച്ച് ആക്രമണ നിരയും ഇക്വഡോര്‍ പ്രതിരോധ നിരയും ആവേശകരമായ മത്സരമാണ് കാഴ്ചവെച്ചത്. ഒടുവില്‍ റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്ബോള്‍ സ്കോര്‍ 1-1 എന്ന നിലയിലായിരുന്നു.

