തിരുവനന്തപുരം: താരാരാധന പാടില്ലെന്ന സമസ്തയുടെ നിലപാട് തള്ളി സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാൻ. സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. താരാരാധന കായികപ്രേമികളുടെ വികാരമാണ്. മതം അതിന്റെ വഴിക്കും സ്പോർട്സ് അതിന്റെ വഴിക്കും പോകട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്പോർട്സ് വേറെ, മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമസ്തക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. ഫുട്ബോൾ ആരാധനയ്ക്കെതിരെ ബോധവത്കരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന സമസ്തയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പാട്ടു കേൾക്കണോ ഫുട്ബോൾ കാണണോ രാവിലെ നടക്കാൻ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്. അല്ലാതെ മതസംഘടനകളല്ല. താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും കൈകടത്തണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

