കോപ്പിയടി വിവാദത്തെത്തുടര്‍ന്ന് കന്നഡ ചിത്രം കാന്താരയില്‍ നിന്നു ‘വരാഹരൂപം’ എന്ന ഗാനം ഒഴിവാക്കിയതില്‍ അതൃപ്തിയും നിരാശയും പ്രകടിപ്പിച്ച് പ്രേക്ഷകര്‍. പാട്ട് നീക്കം ചെയ്തതോടെ ചിത്രത്തിന്റെ ആത്മാവ് നഷ്ടമായി എന്നാണു വിലയിരുത്തല്‍. വരാഹരൂപം ഒഴിവാക്കിയതോടെ കാന്താര ട്രോളുകളിലും നിറയുകയാണ്. ചിത്രം ഒടിടിയില്‍ കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍, നിരാശയോടെ ചോദിക്കുന്നത് ‘വരാഹരൂപമില്ലാതെ എന്ത് കാന്താര?’എന്നാണ്.
ചിത്രത്തെ പൂര്‍ണമാക്കുന്നതു വരാഹരൂപം എന്ന ഗാനമായിരുന്നെന്നും അത് ഒഴിവാക്കിയതോടെ ശരാശരിയില്‍ താഴെയുള്ള ഒരു ചിത്രം മാത്രമായി കാന്താര മാറിയെന്നുമാണ് പ്രേക്ഷകപക്ഷം. ഒടിടിയിലെ കാന്താര നിരാശപ്പെടുത്തുന്നുവെന്നാണു വിലയിരുത്തല്‍. ഒറിജിനല്‍ ഗാനം ചിത്രത്തിലേയ്ക്കു തിരികെ കൊണ്ടുവരണമെന്നും ആവശ്യങ്ങളുയര്‍ന്നു.
കോപ്പിയടി വിവാദത്തിലകപ്പെട്ടതോടെ കാന്താരയില്‍ നിന്ന് ‘വരാഹരൂരം’ ഒഴിവാക്കി പകരം പുതിയതായി സൃഷ്ടിച്ച ഗാനം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. വരാഹരൂപം കോപ്പിയടിയാണെന്ന് ആരോപിച്ച് പ്രമുഖ സംഗീത ബാന്‍ഡ് തൈക്കൂടം ബ്രിഡ്ജ് ആണ് രംഗത്തെത്തിയത്. തങ്ങളുടെ ‘നവരസം’ എന്ന ഗാനം അതേപടി പകര്‍ത്തിയാണ് കാന്താര ടീം പാട്ടൊരുക്കിയതെന്നായിരുന്നു ആരോപണം. വിവാദത്തില്‍ കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് സിനിമയുടെ ഒടിടി പതിപ്പില്‍ പുതിയ ‘വരാഹരൂപം’ ഉള്‍പ്പെടുത്തിയത്.

