കരാർ കാലാവധിക്ക് ശേഷം റോഡിന്റെ നിർമ്മാണ ചെലവിനേക്കാൾ കൂടുതൽ തുക ടോൾ പിരിക്കുന്നത് വിശദമായ പരിശോധന വേണ്ട വിഷയം; സുപ്രീം കോടതി

ന്യൂഡൽഹി: കരാർ കാലാവധിക്ക് ശേഷം റോഡിന്റെ നിർമ്മാണ ചെലവിനേക്കാൾ കൂടുതൽ തുക ടോൾ പിരിക്കുന്നത് വിശദമായ പരിശോധന വേണ്ട വിഷയമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യപ്രദേശിലെ ലെബാദ് മുതൽ നയാഗാവ് വരെയുള്ള സംസ്ഥാന പാതയിൽ ടോൾ പിരിക്കുന്നതിന് എതിരായ ഹർജിയിൽ നോട്ടീസ് അയച്ചുകൊണ്ടാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

നിർമ്മാണത്തിന് ചെലവായ തുക കരാർ കാലാവധിക്ക് ശേഷവും പിരിക്കുന്നുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചത്. ടോൾ പിരിക്കുന്നത് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്തും അഭിഭാഷകൻ അൽജോ ജോസഫുമാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.

സ്വകാര്യ സ്ഥാപനത്തിന് ലാഭം ഉണ്ടാക്കുന്നതിന് ഇത്തരം ഇളവ് അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇവർ കോടതിയെ അറിയിച്ചത്. പൊതു ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ടോളായി പിരിക്കുന്ന തുക വിനിയോഗിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.