ന്യൂഡൽഹി: ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശി അറസ്റ്റിൽ. ഡൽഹി പോലീസാണ് പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയശേഷം ഇയാളെ ഓസ്ട്രേലിയയ്ക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ വെച്ചായിരുന്നു കൊലപാതകം. ഫാർമസി ജീവനക്കാരിയായ ഇരുപത്തിനാലുകാരിയെ വാൻഗെറ്റി ബീച്ചിൽവെച്ചാണ് രാജ്വിന്ദർ സിങ് കൊലപ്പെടുത്തിയത്. രണ്ടുദിവസത്തിനു ശേഷം ഭാര്യയെയും മക്കളെയും ജോലിയും ഉപേക്ഷിച്ച് രാജ്വിന്ദർ ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു. ഓസ്ട്രേലിയൻ സർക്കാർ രാജ്വിന്ദറിനെ കൈമാറണമെന്ന് 2021 മാർച്ചിൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. നവംബർ മാസത്തിലാണ് വിഷയത്തിൽ ഇന്ത്യൻ സർക്കാർ അനുകൂല തീരുമാനം സ്വീകരിച്ചത്.
രാജ്വിന്ദറിനെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ ( അഞ്ചരക്കോടിയിലധികം രൂപ ) നൽരകുമെന്ന് ക്വീൻസ്ലാൻഡ് പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ക്വീൻസ്ലാൻഡ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ഏറ്റവും വലിയ പ്രതിഫല തുകയായിരുന്നു ഇത്. രാജ്വിന്ദറിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ശേഷം ഓസ്ട്രേലിയയിലേക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കുമെന്നും ക്വീൻസ്ലാൻഡ് കമ്മിഷണർ വ്യക്തമാക്കി.

