സ്വവര്‍ഗ്ഗ വിവാഹം: ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. അറ്റോണി ജനറലിനും കോടതി പ്രത്യേക നോട്ടീസയച്ചു. നാലാഴ്ചക്കകം പ്രതികരണം നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. പത്തു വര്‍ഷമായി ഹൈദരാബാദില്‍ ഒന്നിച്ചു കഴിയുന്ന സ്വവര്‍ഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം, മതവിവാഹ നിയമങ്ങളില്ല, പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നത് എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേരള, ദില്ലി ഹൈക്കോടതികളില്‍ ഹര്‍ജികളില്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതിയിലെ അപേക്ഷകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാം എന്ന് കേന്ദ്രം സമ്മതിച്ചു എന്ന് ഹര്‍ജിക്കാര്‍ അറിയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.