കൊച്ചി: പ്രൊഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് വേദിയിലുണ്ടാകില്ല. ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ ശശി തരൂർ, കെ സുധാകരൻ, വി ഡി സതീശൻ ഉൾപ്പെടെവർ പങ്കെടുക്കുമെങ്കിലും ശശി തരൂരും വി ഡി സതീശനും ഒരേ വേദിയിൽ എത്തില്ലെന്നാണ് വിവരം.
രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശശി തരൂരും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പങ്കെടുക്കും. വി ഡി സതീശൻ പങ്കെടുക്കുന്നത് വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാണ്. അതേസമയം, കോൺക്ലേവ് ശക്തി പ്രകടനം അല്ലെന്ന് സംഘടകർ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ എസ് എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഡിക്കോഡ് എന്നാണ് കോൺക്ലേവിന്റെ പേര്.

