എം ജി സര്‍വ്വകലാശാല അധ്യാപക നിയമനം; പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: എംജി സർവകലാശാല അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ പാടില്ലെന്നും വ്യക്തമാക്കിയാണ് എംജി സർവ്വകലാശാല സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് മഹാത്മാ ഗാന്ധി സർവകലാശാല പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർവ്വകലാശാലയുടെ കീഴിയിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് എം ജി സർവ്വകലാശാല ഉത്തരവെന്ന് വ്യക്തമാക്കിയായിട്ടായിരുന്നു ഹൈക്കോടതിയുടെ വിധി. നേരത്തെ അഭിമുഖത്തിന് പരമാവധി 20 മാർക്ക് ആയിരുന്നു നൽകിയിരുന്നത്. ഇതിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം എം ജി സർവകലാശാല പുറത്തിറക്കിയിരുന്നത്. അഭിമുഖത്തിന് പരമാവധി 50 മാർക്കും, അധ്യാപന അഭിരുചിക്ക് 10 മാർക്കും, ഗവേഷണ അഭിരുചിക്ക് 20 മാർക്കും,വിഷയത്തിൽ ഉള്ള അറിവിന് 10 മാർക്കും നൽകാം എന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ഈ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഒരു മാസത്തിനുള്ളിൽ പുതിയ മാനദണ്ഡം പുറത്തിറക്കാനും എം ജി. സർവകലാശാലയോട് കോടതി ആവശ്യപ്പെട്ടിരുന്നു.