വിവാഹമോചിതരുടെ മക്കളുടെ സംരക്ഷണം; നിയമങ്ങൾ പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിവാഹമോചിതരുടെ മക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രക്ഷാകർത്തൃത്വത്തിലും സംരക്ഷണത്തിലും അച്ഛനും അമ്മയ്ക്കും തുല്യ അവകാശം നൽകുക, കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഇരുവരുടെയും സാന്നിധ്യം ഒരുപോലെ ഉറപ്പാക്കുക, മുത്തച്ഛനും മുത്തശ്ശിക്കും കുട്ടിയെ പരിചരിക്കാൻ അവസരമൊരുക്കുക തുടങ്ങിയ നിയമകമ്മിഷന്റെ ശുപാർശകൾ ഉൾപ്പെടുത്തി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

1956-ലെ ഹിന്ദു രക്ഷാകർതൃത്വ നിയമപ്രകാരം വിവാഹമോചിതരാവുന്ന ദമ്പതിമാരുടെ ‘മൈനറായ മകന്റെയും അവിവാഹിതയായ മകളുടെയും രക്ഷാകർത്താവ് അച്ഛനും അതുകഴിഞ്ഞാൽ അമ്മയും’ ആണ്. പുതിയ നിയമത്തിൽ ഇത് ‘രക്ഷാകർത്താവ് അച്ഛനും അമ്മയും’ എന്നാക്കി മാറ്റുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിലെ നിയമത്തിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയ്‌ക്കെന്നാണ്. കോടതി സംയുക്തസംരക്ഷണം അനുവദിച്ചില്ലെങ്കിൽ മാത്രം അമ്മയ്ക്ക് എന്നാകും ഭേദഗതി.

1890-ലെ നിയമത്തിൽ കുട്ടിയുടെ സാഹചര്യം നോക്കി രക്ഷാകർത്തൃത്വം അനുവദിക്കണമെന്നാണുള്ളത്. ഇത് കുട്ടിയുടെ പരമമായ ക്ഷേമം കണക്കിലെടുത്ത് എന്നാക്കും. സംരക്ഷണം മാറ്റിനൽകാനുത്തരവിട്ടാൽ കുട്ടിയെ അറസ്റ്റുചെയ്ത് കൈമാറണമെന്ന ഭാഗവും പുതിയ നിയമത്തിൽ മാറ്റും. 14 വയസ്സിനു മുകളിലാണെങ്കിൽ കുട്ടിയുടെ അഭിപ്രായവും ഇക്കാര്യത്തിൽ പരിഗണിക്കണമെന്നാണ് പുതിയ ഭദഗതി.