ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചിട്ടു. ബവ്ലയിൽ വെച്ചാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. വിഷയത്തിൽ വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. ഡിസംബർ 1, 5 തീയതികളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലു റാലികളിലാണ് വ്യാഴാഴ്ച ഗുജറാത്തിൽ മോദി പങ്കെടുത്തത്. പാലൻപുർ, മൊഡാസ, ദാഹെഗാം, ബൽവ എന്നീ മേഖലകളിലായിരുന്നു അദ്ദേഹം സന്ദർശനം നടത്തിയത്.
അതേസമയം, ഡ്രോണിൽ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നിരോധിത മേഖലയിൽ ഡ്രോൺ എത്തിയതിന് പിന്നിലുള്ള കാരണം അന്വേഷിച്ച് വരികയാണെന്നും അധികൃതർ വിശദീകരിച്ചു.

