തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതായ വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സർവകലാശാല സിണ്ടിക്കേറ്റ് പരീക്ഷാ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി. അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി വ്യക്തമാക്കി.
ബിടെക് ബാച്ചിന്റെ 2019 മുതലുള്ള പരീക്ഷാ ഫലങ്ങൾ കോഴ്സ് കാലയളവായ നാല് വർഷത്തിനുള്ളിൽ തന്നെ പ്രഖ്യാപിച്ചുവരികയാണ്. 2022 ൽ വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും പോർട്ടലിൽ നിന്നും പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നുവെന്ന് അധികൃതർ വിശദമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
13025 വിദ്യാർത്ഥികളാണ് 2022 ഓഗസ്റ്റ് മാസം പ്രസിദ്ധീകരിച്ച ബിടെക് പരീക്ഷയിൽ വിജയിച്ചത്. ഫലം പ്രഖ്യാപിച്ച ദിവസംതന്നെ, ഈ വിദ്യാർത്ഥികൾക്ക് എല്ലാം പോർട്ടലിൽ നിന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കി. വിജയികളിൽ 90 ശതമാനത്തോളം വിദ്യാർത്ഥികളും അവരുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് ആദ്യ വാരം തന്നെ പോർട്ടലിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്തിരുന്നുവെന്നും ഈ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾക്ക് ആറു മാസത്തെ സാധുതയുണ്ടെന്നും അധികൃതർ അറിയിച്ചു.
അപേക്ഷ തിയ്യതി മുതൽ 45 ദിവസത്തിനകം ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകണമെന്നാണ് സർവകലാശാല തീരുമാനിച്ചിട്ടുള്ളത്. ഡോ എംഎസ് രാജശ്രീ വൈസ് ചാൻസലർ ആയിരുന്ന കാലയളവിൽ തന്നെ അപേക്ഷിച്ച 4158 വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. ക്യാമ്പസ് പ്ലേസ്മെന്റ് നേടിയവരും വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിച്ചവരുമായ വിദ്യാർത്ഥികൾക്കെല്ലാം ഈ കാലയളവിൽ 45 ദിവസത്തിനകം തന്നെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിനു ശേഷം ലഭിച്ച വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റിനായുള്ള സൂക്ഷ്മ പരിശോധന വിവിധ ഘട്ടങ്ങളിലായി നടന്നുവരികയാണ്. തുടർന്നു വന്ന വിവിധ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകളിലൂടെ അർഹത നേടിയ വിദ്യാർത്ഥികൾക്ക് ബോർഡ് ഓഫ് ഗവർണേഴ്സിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാനാകുവെന്നും അധികൃതർ പറഞ്ഞു.

