ഒറ്റപ്പാലം: കെ-സ്മാര്‍ട്ട് (കേരള സൊലൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫര്‍മേഷന്‍ ആന്‍ഡ് ട്രാന്സ്ഫോര്മേഷന്) എന്ന പേരില്‍ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് വരുന്നു. ആദ്യം നഗരസഭകളിലെയും കോര്‍പ്പറേഷനുകളിലെയും സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ആപ്പ് ഒരുക്കുന്നത്.
അതേസമയം, നിലവില്‍ വിവിധ സേവനങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങളില്‍ പത്തിലേറെ ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഒരേ സേവനത്തിന് ഒന്നിലേറെ ആപ്പുകളും ഇപ്പോള്‍ നിലവിലുണ്ട്. ഇതെല്ലാം ഒറ്റ ആപ്പിലാക്കുകയാണ് ലക്ഷ്യം. ട്രേഡ് ലൈസന്‍സും പൊതുജനങ്ങള്‍ പരാതികളയക്കുന്ന സംവിധാനവും ഇ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാവും. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും ലഭ്യമാകും. ഉദ്യോഗസ്ഥനും പൊതുജനങ്ങള്‍ക്കും പ്രത്യേകം ലോഗിന്‍ ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനമുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകും. സേവനങ്ങളുടെ വിവരങ്ങളെല്ലാം ശേഖരിച്ചു വെക്കാനും സംവിധാനമുണ്ട്.
വ്യക്തികളുടെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ മുഖം തിരിച്ചറിഞ്ഞും ഫോണിലെത്തുന്ന ഒ.ടി.പി മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക. ഒരു വര്‍ഷത്തിനകം സേവനങ്ങളെല്ലാം പൂര്‍ണമായും ആപ്പ് മുഖാന്തരമാകുമെന്നും അധികൃതര്‍ പറയുന്നു.

