തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ക്യാമറകളുടെ എണ്ണം കൂട്ടുന്നു. ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ 800 ക്യാമറകള്‍ കൂടി സ്ഥാപിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കെല്‍ട്രോണ്‍ വഴി നടപ്പിലാക്കാനൊരുങ്ങുന്ന പ്രത്യേക പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു.
ഡ്രൈവിംഗിനിടെ സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തവരെയും ഓവര്‍സ്പീഡും അടക്കമുള്ള ട്രാഫിക് നിയമലംഘകരെയും കണ്ടെത്തുകയാണ് ഇതു വഴി മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. കെല്‍ട്രോണ്‍ തന്നെ സ്വന്തം ഉടമസ്ഥതയില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. പ്രവര്‍ത്തനം പൂര്ണ്ണഗതിയിലായതിന് ശേഷമുള്ള നിശ്ചിത കാലാവധി കഴിഞ്ഞ് മാത്രമേ സര്‍ക്കാരിന് നടത്തിപ്പ് കൈമാറുകയുള്ളു.
അതേസമയം, റോഡുകളിലുള്ള പൊലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നിലവിലുള്ള ക്യാമറകള്‍ക്ക് പുറമെയാണ് പുതുതായി എണ്ണൂറോളം ക്യാമറകള്‍ കൂടി വരുന്നത്. ഓവര്‍ സ്പീഡ് കണ്ടെത്താന്‍ റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകള്‍ ഇതിലുണ്ടാകും. വാഹനത്തിന്റെ ചിത്രമെടുക്കാനും നമ്ബര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനവും ഈ ക്യാമറകളിലുണ്ടാകുമെന്നും കെല്‍ട്രോണ്‍ അറിയിക്കുന്നു.

