ഗൾഫ് വാതിലടച്ചാൽ കേരളം അനിശ്ചിതത്വത്തിലാകുമെന്ന് ശശി തരൂർ

കോഴിക്കോട്: എന്ത് കൊണ്ടാണ് കേരളം വികസനത്തിൽ മുന്നോട്ട് എത്താത്തതെന്ന കാര്യത്തിൽ പരിശോധന ആവശ്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വികസനത്തെ കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ എല്ലായിടത്തും വികസനം കാണാൻ സാധിക്കാത്തത് എന്തുകൊണ്ട് എന്നത് ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മലയാളികൾ ലോകത്ത് എല്ലായിടത്തും നല്ലവണ്ണം പ്രവർത്തിക്കുന്നു. തൊഴിലെടുക്കാനുള്ള മലയാളിയുടെ ഊർജ്ജം തന്നെ ലോക പ്രശസ്തമാണ്. നാളെ ഗൾഫ് വാതിലടച്ചാൽ കേരളം അനിശ്ചിതത്വത്തിലാവും. അച്ഛൻ പഠിപ്പിച്ചത് കേരളത്തെ നന്നാക്കണമെങ്കിൽ സാമ്പത്തിക വികസനം അത്യാവശ്യമാണെന്നാണ്. പക്ഷേ കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ ഇപ്പോഴും 210 ദിവസം എടുക്കുമെന്ന അവസ്ഥയാന്നുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ എവിടെയും കേരളത്തിൽ ഉണ്ടായ അത്രയും സാമൂഹ്യ പരിഷ്‌കരണം ഉണ്ടായിട്ടില്ല. സാമ്പത്തിക ഉദാരവത്കരണത്തിൽ 1991 ന് ശേഷം ഭാരതം മാറി പക്ഷെ കേരളത്തിന് മാറ്റം വന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.