ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കോൺഗ്രസ് സിനിമാ താരങ്ങൾക്ക് പണം വാഗ്ദാനം ചെയ്‌തെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യം വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
സിനിമാ താരങ്ങൾക്ക് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കാമെന്നും മാന്യമായ തുക ലഭിക്കുമെന്നുമാണ് വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ ഏത് സിനിമാ താരത്തിനാണ് ഇത് അയച്ചതെന്നോ ആരാണ് സന്ദേശത്തിന് പിന്നിലെന്നോ എന്നുള്ള വിവരങ്ങളൊന്നും സ്‌ക്രീൻ ഷോട്ടുകളിൽ ഇല്ല. അതേസമയം, ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ കോണ്ഗ്രസ് നേതൃത്വം രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കി. രാഹുൽ ഗാന്ധിയേയും ഭാരത് ജോഡോ യാത്രയെയും അപകീർത്തിപ്പെടുത്താൻ എത്ര തീവ്രമായാണ് ബിജെപി ശ്രമിക്കുന്നത് എന്നതിന്റെ തെളിവാണ് ആരോപണമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ നമ്മുടെ രാഷ്ട്രത്തിന് വേണ്ടിയാണ് അണിനിരക്കുന്നതെന്നാണ് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് അറിയിച്ചത്.

