ആരും പാർട്ടിയെ ധിക്കരിക്കാൻ പാടില്ല; ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിന് പരോക്ഷ പിന്തുണയുമായി ദേശീയ നേതാക്കൾ

ന്യൂഡൽഹി: ശശി തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിന് പരോക്ഷ പിന്തുണയുമായി കോൺഗ്രസിലെ ദേശീയ നേതാക്കൾ. കെപിസിസി നിലപാടിനെ പിന്തുണക്കുന്നുവെന്ന് താരിഖ് അൻവർ വ്യക്തമാക്കി. ആരും പാർട്ടിയെ ധിക്കരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും പാർട്ടി നിർദ്ദേശം അനുസരിക്കണം. വിഭാഗീയത പാടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ശശി തരൂർ വിമത പ്രവർത്തനം നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കേരള രാഷ്ട്രീയത്തിൽ വന്നത് മുതൽ ഒരുഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. വിഭാഗീയതയുടെ എതിരാളിയാണ് താൻ. ഒരു ഗ്രൂപ്പും സ്ഥാപിക്കാൻ പോകുന്നില്ല. ഒരു ഗ്രൂപ്പുകളിലും വിശ്വാസം ഇല്ല. കോൺഗ്രസിന് വേണ്ടിയാണ് നിൽക്കുന്നതെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന കോൺഗ്രസിൽ ഏത് ഉന്നതനാണെങ്കിലും വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു ശശി തരൂരിന്റെ പ്രവർത്തനം വിഭാഗീയത വളർത്തലാണെന്ന ധ്വനി നൽകികൊണ്ടാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. വളരെ വ്യക്തമായി കെപിസിസി അധ്യക്ഷൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അധ്യക്ഷന്റെ വാക്കുകൾ വീണ്ടും താൻ ആവർത്തിക്കുകയാണ്. സംഘടനാ തീരുമാനം എല്ലാവരുമായി ആലോചിച്ചിട്ടാണ് കെപിസിസി അധ്യക്ഷൻ സ്വീകരിക്കുന്നത്. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ സ്‌പേസുണ്ട്. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ കോൺഗ്രസ് ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും സതീശൻ പറഞ്ഞിരുന്നു.