ദോഹ: ഗ്രൂപ്പ് എയില്‍ സെനഗലിനെ പിടിച്ചു കെട്ടി നെതര്‍ലന്‍ഡ്‌സ്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിജയം. എണ്‍പത്തിനാലാം മിനിറ്റില്‍ ഗാക്‌പോയാണ് നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന ഘട്ടത്തില്‍ ക്ലാസന്റെ വകയായിരുന്നു രണ്ടാം ഗോള്‍.
അവസരങ്ങള്‍ പാഴാക്കാന്‍ ഇരുകൂട്ടരും മത്സരിച്ചപ്പോള്‍, മികച്ച പ്രതിരോധ ഫുട്‌ബോളിനാണ് അല്‍ തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പതിനേഴാം മിനിറ്റില്‍ ഗാക്‌പോ സൃഷ്ടിച്ച അവസരം ബ്ലൈന്‍ഡിന് മുതലാക്കാനായില്ല. ബ്ലൈന്‍ഡിന്റെ ഹെഡര്‍ പിഴച്ചതോടെ, തുടക്കത്തില്‍ മുന്നേറാനുള്ള അവസരം ഡച്ച് ടീമിന് നഷ്ടമായി.
പത്തൊന്‍പതാം മിനിറ്റിലും ഇരുപത്തിയഞ്ചാം മിനിറ്റിലും നെതര്‍ലന്‍ഡസ് അവസരങ്ങള്‍ പാഴാക്കി. എഴുപത്തി മൂന്നാം മിനിറ്റില്‍ സെനെഗല്‍ സൃഷ്ടിച്ച അവസരം ഡച്ച് ഗോള്‍ കീപ്പര്‍ ഫലപ്രദമായി തടുത്തു. കാര്യമായ മറ്റ് അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ മത്സരത്തില്‍ സെനഗലിന് സാധിച്ചില്ല.

