ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് തിരിച്ചടി. മെഡിക്കൽ പി ജി പ്രവേശനത്തിന് സർക്കാർ സർവ്വീസിൽ ഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി തുടങ്ങിയവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
പാലക്കാട് മെഡിക്കൽ കോളേജിന്റെ ഭരണനിർവഹണം നടത്തുന്ന സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. പാലക്കാട് മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.
പാലക്കാട് മെഡിക്കൽ കോളേജ് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടേതാണ്. ഡോക്ടർമാരെയും, മറ്റ് ജീവനക്കാരെയും കോളേജിലേക്ക് നിയമിക്കുന്നത് സൊസൈറ്റിയാണ്. അതിനാൽ അവരെ സർക്കാർ ജീവനക്കാരായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നത്. സീനിയർ അഭിഭാഷകൻ വി ഗിരിയും സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറുമാണ് സർക്കാരിന് വേണ്ടി വാദം നടത്തിയത്. സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ മുഹമ്മദ് സാദിഖ് എന്നിവരാണ് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് വേണ്ടി ഹാജരായത്. സർക്കാർ സർവീസിലെ ഡോക്ടർമാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് ഹാജരായി.

