ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 46 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിൽ അനുഭവപ്പെട്ടത്. ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ 46 പേർ കൊല്ലപ്പെട്ടു. എഴുനൂറിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ജാവയിലെ സിയാഞ്ചുർ പ്രവിശ്യയിലാണ് ഏറ്റവും അധികം ആളുകൾ മരണപ്പെട്ടത്.

നിരവധി ആളുകൾ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ട്. സിയാഞ്ചുർ നഗരം ഏതാണ്ട് തകർന്ന നിലയിലാണ്. നൂറുകണക്കിന് കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. നഗരത്തിലെ ഒരു ആശുപത്രിയിൽ മാത്രം 20 പേർ മരിച്ചു. 300 ഓളം പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സർക്കാർ സിയാഞ്ചുറിൽ നിന്നുള്ള സർക്കാർ വക്താവ് ഹെർമൻ സുഹെർമൻ അറിയിച്ചു.

ആശുപത്രികളും സ്‌കൂളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഭൂചലനത്തിൽ നശിച്ചു. ഇന്തൊനേഷ്യയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സൂനാമി ഭീഷണിയിലാണെന്നാണ് നേരത്തെ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ അറിയിച്ചിരുന്നത്.