ഗോവ: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങില്‍ നടന്‍ ചിരഞ്ജീവിയെ ‘ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍’ ആയി തിരഞ്ഞെടുത്തു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫിലിം യെ കുറിച്ച് മന്ത്രി അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു. ‘നടന്‍, നര്‍ത്തകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തന്‍. 150-ലധികം സിനിമകളില്‍ നാല് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന മികച്ച കരിയറാണ് ചിരഞ്ജീവിയുടേത്. ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ അദ്ദേഹം വളരെയധികം ജനപ്രിയനാണ്! അഭിനന്ദനങ്ങള്‍’ എന്നാണ് മന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
ഈ വര്‍ഷം രണ്ട് ചിത്രങ്ങളാണ് ചിരഞ്ചീവി നായകനായി പുറത്തിറങ്ങിയത്. കൊരട്ടാല ശിവ രചനയും സംവിധാനവും നിര്‍വഹിച്ച ‘ആചാര്യ’യാണ് ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിത്രം. 140 കോടിയിലധികം മുതല്‍ മുടക്കി പുറത്തിറക്കിയ ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ചിത്രത്തില്‍ മകന്‍ രാം ചരണും പ്രധാന വേഷത്തില്‍ എത്തി. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ‘ഗോഡ്ഫാദര്‍’ ആണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

