നിയുക്തി 2022 മെഗാ ജോബ് ഫെയർ; 2000ത്തോളം തൊഴിലവസരങ്ങൾ

മലപ്പുറം: മലപ്പുറം ജില്ലാ നിയുക്തി 2022 മെഗാ ജോബ് ഫെയർ 26-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവകലാശാലാ പ്ലേസ്മെന്റ് സെല്ലും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 പ്രമുഖ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം അവസരങ്ങളിലേക്കാണ് തൊഴിലന്വേഷകരെ ക്ഷണിക്കുന്നത്.

കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്. ബി.എസ് സി. ഫുഡ് ടെക്നോളജി, ബി ബി.ബി.എ, ഐടിഐ ഫിറ്റർ യോഗ്യതയുള്ളവരെയാണ് ഭക്ഷ്യ സംസ്‌കരണ കമ്പനികൾ തേടുന്നത്. കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടിവ്, പി എച്ച് പി ഡെവലപ്പർ, ഡോട്ട് നെറ്റ് പ്രോഗ്രാമർ എന്നിവക്ക് പുറമേ തുടക്കക്കാരെയും ഐടി കമ്പനികൾക്ക് ആവശ്യമുണ്ട്. മേള വേദിയിൽ തൽസമയം നടക്കുന്ന അഭിരുചി പരീക്ഷ മുഖേനയാണ് തുടക്കക്കാരെ ഐടി കമ്പനികൾ തിരഞ്ഞെടുക്കുന്നത്.

രാജ്യത്തെ മുൻനിര പാദരക്ഷാ കമ്പനി, വിവിധ സ്വകാര്യ ആശുപത്രികൾ, വാഹന മാർക്കറ്റിംഗ്, ബാങ്കിംഗ് കമ്പനികളും ഭിന്നശേഷി തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ജോബ് ഫോർ ഇൻഡ്യ എന്ന സന്നദ്ധ സംഘടനയും മേളയുടെ ഭാഗമാവുമെന്ന് പ്ലേസ്‌മെന്റ് സെൽ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ കെ. ഷൈലേഷ് എന്നിവർ അറിയിച്ചു.

മേളയിൽ പങ്കെടുക്കാൻ jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 18 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒരാൾക്ക് പരമാവധി മൂന്ന് കമ്പനികളിൽ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ ആവശ്യമായ എണ്ണം ബയോഡാറ്റ കയ്യിൽ കരുതേണ്ടതാണ്. ആദ്യമായാണ് സർവകലാശാല ക്യാംപസ് നിയുക്തി ജോബ് ഫെയറിന് വേദിയാവുന്നത്. വിവരങ്ങൾക്ക് : 8078428570 , 9388498696