അഹമ്മദാബാദ്: കോൺഗ്രസ് നേതാവ് ചന്ദൻ ഠാക്കൂറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ദ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ചന്ദൻ ഠാക്കൂർ നടത്തിയ മുസ്ലീം അനുകൂല പരാമർശത്തിനെതിരെയാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തെയും കോൺഗ്രസിനെയും രക്ഷിക്കാൻ സാധിക്കുക മുസ്ലീം സമുദായത്തിന് മാത്രമാണെന്നായിരുന്നു ഠാക്കൂറിന്റെ പരാമർശം.
മുസ്ലീം സമുദായത്തെ പ്രീതിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വർഗീയത എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണരൂപമെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വ്യക്തമാക്കി. രാജ്യത്ത് വിഭവങ്ങളുടെ ആദ്യ അവകാശം മുസ്ലീം സമുദായത്തിനാണെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പരാമർശത്തിന് പിന്നാലെയാണ് ഠാക്കൂറിന്റെ പ്രസ്താവന എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിക്കെതിരെ ഠാക്കൂർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ബിജെപി മുസ്ലീങ്ങളെ വിവിധ രീതിയിൽ അസ്വസ്ഥരാക്കി. മുത്തലാഖ് നിർത്തലാക്കി. ഹജ്ജിന് പോകാനായി കോൺഗ്രസ് സബ്സിഡി നൽകിയിരുന്നു. എന്നാൽ ബി ജെ പി പുതിയ നയങ്ങൾ കൊണ്ടുവന്ന് അത് നിർത്തലാക്കി. ചെറിയ സംരംഭങ്ങൾക്കായി നൽകിയിരുന്ന സബ്സിഡി നിലച്ചുവെന്നും ഠാക്കൂർ കുറ്റപ്പെടുത്തി. എൻആർസി പ്രക്ഷോഭങ്ങൾക്കിടെ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും തെരുവിലിറങ്ങിയിരുന്നു. മുസ്ലീംങ്ങൾക്കായി മറ്റൊരു പാർട്ടിയും നിലകൊണ്ടില്ല. മുസ്ലീം സമുദായത്തെ സംരക്ഷിക്കുന്ന ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

