ന്യൂഡൽഹി: സ്റ്റീൽ ഉത്പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി. ഈ വർഷം മെയ് മാസമാണ് കേന്ദ്ര സർക്കാർ ഇവയ്ക്ക് കയറ്റുമതി തീരുവ ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി. ഇരുമ്പയിര് കട്ടികളുടെ 58 ശതമാനത്തിൽ താഴെയുള്ള കയറ്റുമതിക്ക് ഇനി തീരുവ ഉണ്ടാകില്ല.
മെയ് മാസം സ്റ്റീൽ കയറ്റുമതിക്ക് 15 ശതമാനം മുതൽ 50 ശതമാനം വരെ കയറ്റുമതി തീരുവ സർക്കാർ ഈടാക്കിയിരുന്നു. അന്നു മുതൽ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില കുറയുകയാണ്. ഒക്ടോബർ മാസം ഇന്ത്യയുടെ സ്റ്റീൽ കയറ്റുമതി 66 ശതമാനം കുറഞ്ഞിരുന്നു. സ്റ്റീൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2021 ഒക്ടോബറിലെ കയറ്റുമതി 1.05 ദശലക്ഷം ടൺ ആയിരുന്നു. ദുർബലമായ ആഗോള ആവശ്യകതയും എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വിലയും കയറ്റുമതി കുറയാൻ കാരണമായി. ഒക്ടോബർ, സെപ്തംബർ മാസത്തിൽ കയറ്റുമതി ഏകദേശം 40 ശതമാനം കുറഞ്ഞു. നോൺ-അലോയ്, അലോയ്ഡ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഇടിവുണ്ടായി.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഏഴ് മാസംകൊണ്ട് കയറ്റുമതി 55 ശതമാനം കുറഞ്ഞ് 3.9 മില്യൺ ആയി. ലഭ്യമായ കണക്കുകൾ പ്രകാരം, അലോയ്, സ്റ്റെയിൻലെസ് സ്റ്റീൽ കയറ്റുമതി ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഈ കാലയളവിലെ ഇറക്കുമതി 14 ശതമാനം ഉയർന്നു. 3.15 മില്ല്യൺ ആണ് ഈ കാലയളവിലെ ഇറക്കുമതി.

