ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ സേവനം; പരസ്യം നല്‍കാന്‍ അനുവാദം നല്‍കിയതാരെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്നു ചൂണ്ടിക്കാട്ടി പരസ്യം നല്‍കാന്‍ അനുവാദം നല്‍കിയതാരാണെന്ന് സ്വകാര്യ കമ്പനിയോടു ഹൈക്കോടതി. ഹെലി കേരള എന്ന വെബ്‌സൈറ്റിലെ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ ചോദ്യം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, ഹെലികോപ്റ്റര്‍ സേവനം നല്‍കുന്നതിനോ പരസ്യം നല്‍കുന്നതിനോ അനുമതി നല്‍കിയിട്ടില്ലെന്നു ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍, ശബരിമല ഉള്‍പ്പെടുന്ന പ്രദേശം പ്രത്യേക സുരക്ഷാ മേഖലയാണു എന്നതിനാല്‍ കമ്പനിക്കെതിരെ എന്തു നടപടി എടുത്തു എന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. സംഭവം അറിഞ്ഞ ശേഷവും നടപടി എടുക്കാത്തതിനാല്‍ കോടതി കുറ്റപ്പെടുത്തി. പരസ്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കില്ലെന്നു ഹെലി കേരള കമ്പനി കോടതിയെ അറിയിച്ചു. എന്നാല്‍, പൊലീസ് നടപടി നേരിടുകയാണു വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി.

കൊച്ചിയില്‍ നിന്നു ശബരിമലയിലേക്കു പ്രതിദിനം രണ്ടു സര്‍വീസ് നടത്തുന്നതായാണ് ഹെലി കേരള കമ്പനി വെബ്‌സൈറ്റിലൂടെ പരസ്യം നല്‍കിയിരുന്നത്. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കു കാറില്‍ സര്‍വീസും അവിടെനിന്നു ഡോളി സേവനവും ശബരിമലയില്‍ വിഐപി ദര്‍ശനവുമായിരുന്നു കമ്പനിയുടെ വാഗ്ദാനം. സ്വകാര്യ വാഹനങ്ങള്‍ക്കു പോലും അനുമതി ഇല്ലെന്നിരിക്കെ നിയമവിരുദ്ധമായി പരസ്യം നല്‍കിയ കമ്പനി നടപടി ശ്രദ്ധയില്‍ പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ച് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു.