കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലുള്ളത്; കുഫോസ് മുന്‍ വിസി അപ്പീലുമായി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണ്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലുള്ളതാണെന്നും യു ജി സി ചട്ടം ബാധകമല്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

കെ റിജി ജോണിന് മതിയായ യോഗ്യതയില്ലെന്ന് ആരോപിച്ച് വി സി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ കെ വിജയനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നവംബര്‍ പതിനാലിനാണ് ഡോ. കെ റിജി ജോണിന്റെ നിയമനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. വിസിയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. എന്നാല്‍ റിജി ജോണിന് ഇതില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.