അട്ടപ്പാടി മധു വധക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം നല്‍കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് യാത്രാബത്തയായി 47000 രൂപ അനുവദിച്ചു. സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് വിചാരണ നാളിലെ ചിലവെങ്കിലും അനുവദിക്കാന്‍ ഇടപെടണം എന്ന് കാണിച്ച് അഭിഭാഷകന്‍ രാജേഷ് എം മേനോന്‍ കളക്ടര്‍ക്ക് ചിലവ് കണക്ക് സഹിതം നേരത്തെ കത്ത് നല്‍കിയിരുന്നു. 40ലേറെ തവണ രാജേഷ് എം. മേനോല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. എന്നാല്‍, ഫീസോ, യാത്രാച്ചിലവോ ഇക്കാലയളവില്‍ വക്കീലിന് നല്‍കിയിട്ടില്ല.

അതേസമയം, 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയനുസരിച്ച് 240 രൂപയാണ് ഒരു ദിവസം ഹാജരായാല്‍ വക്കീലിന് നല്‍കുക. ഒരു ദിവസം കോടതിയില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ ചിലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കില്‍ അത് 170 ആയി ഫീസ് കുറയും. കേസിലെ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത് എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു.

കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടി രാജേഷ് എം മേനോന്‍ നേരത്തെ കളക്ടര്‍ക്ക് കത്ത് നല്‍കിരുന്നു. എന്നാല്‍, സര്‍ക്കാരിന് താത്പര്യക്കൂടുതലുള്ള പല കേസുകളിലും ലക്ഷങ്ങളാണ് അഭിഭാഷകര്‍ക്കായി നല്‍കുന്നത്.