പാലക്കാട്: എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലി നൽകിയ സന്നദ്ധ സംഘടനയാണിത്. സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ആരോപണം. എച്ച്ആർഡിഎസ് ഓഫീസുകളിൽ നിരന്തരം റെയ്ഡ് നടത്തി ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എച്ച്ആർഡിഎസിനെ സർക്കാർ എന്തിന് ഭയക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടർന്ന് സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് ചർച്ചാ വിഷയമാകുന്നത്. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി. എച്ച്ആർഡിഎസ് എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. 1995 ലാണ് സംഘടന രൂപീകരിച്ചത്.
ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

