കണ്ണൂർ: നിയമസഭാ സമ്മേളനം ഡിസംബർ അഞ്ച് മുതൽ ചേരുമെന്ന് സ്പീക്കർ എ എൻ ഷംസീർ. തയാറാക്കുന്ന അജണ്ട അനുസരിച്ച് കാര്യങ്ങൾ നടക്കുമെന്നും ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പൂർണമായും രമ്യമായും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ കഴിഞ്ഞ ദിവസം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയിരുന്നു. ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരാനാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. തുടർന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവർണർ ഇതിൽ ഒപ്പിട്ടില്ല.
നിയമസഭ ബിൽ പാസാക്കിയാലും അത് നിയമമാകാൻ ഗവർണർ ഒപ്പിടണം. ഗവർണർ ബില്ലിൽ ഒപ്പിടുന്നത് വൈകിയാൽ നിയമനടപടികളുമായി സർക്കാൻ മുന്നോട്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീർ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇനി ചേരുന്നത്.

