കണ്ണൂര്‍: അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിനായി യുജിസിയോട് യോഗ്യത സംബന്ധിച്ച് വ്യക്തത തേടിയിരുന്നുവെന്നും എന്നാല്‍ ഇതുവരെ മറുപടി കിട്ടിയില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ വിസിയുടെ വാക്കുകള്‍
‘ഹൈക്കോടതി വിധി പ്രകാരം റിസര്‍ച്ച് എക്‌സ്പീരിയന്‍സ് ടീച്ചിങ് എക്‌സ്പീരിയന്‍സ് ആകില്ല. വിധിപ്പകര്‍പ്പ് കിട്ടിയാലേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. വിധി വളരെയധികം അധ്യാപകരെ ബാധിക്കും. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2021 ജൂലൈ 19 നാണ്. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടന്നതിന് ശേഷം പ്രിയയോട് കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെകില്‍ ഹാജരാക്കാന്‍ പറഞ്ഞു. അപേക്ഷകള്‍ ഒരിക്കല്‍ കൂടി സ്‌ക്രീന്‍ ചെയ്യാനാണ് കോടതി പറഞ്ഞത്. യുജിസി നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്തിട്ടാണ് സര്‍വകലാശാല മുന്നോട്ട് പോയത്. സ്‌ക്രീനിങ് കമ്മിറ്റിയും സെലക്ഷന്‍ കമ്മിറ്റിയും ഉണ്ടായിരുന്നു. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍വകലാശാല ആലോചിക്കുന്നില്ല. ഏറെ പണച്ചെലവുള്ള കാര്യമാണത്. ഷോര്‍ട്ട് ലിസ്റ്റിലെ മൂന്ന് പേരുടെയും യോഗ്യതകള്‍ വീണ്ടും പരിശോധിക്കും. ഹൈക്കോടതി വിധി നടപ്പിലാക്കാതെ വഴിയില്ല. എഫ് ഡി പി എടുത്ത് റിസര്‍ച്ച് ചെയ്യാന്‍ പോവുന്ന നിരവധി പേരുണ്ട് അവര്‍ക്ക് ഈ വിധി ബാധകമാവും. പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് പുതിയ യുജിസി മാര്‍ഗനിര്‍ദ്ദേശം പ്രകാരം അപേക്ഷിക്കുമ്‌ബോള്‍ പല അധ്യാപകര്‍ക്കും ഈ വിധി തിരിച്ചടിയാകും. റാങ്ക് ലിസ്റ്റ് പുനപരിശോധിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. അത് ചെയ്യും. പ്രിയ വര്‍ഗീസ് അടക്കം ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുടെയും റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കും. ഓരോ സെലക്ഷന്‍ കമ്മറ്റിയിലും വിസിക്ക് പോകാന്‍ കഴിയില്ല. ഇന്റര്‍വ്യു കമ്മറ്റിക്ക് അക്കാര്യം മാത്രമേ നോക്കണ്ട കാര്യമുള്ളൂ. എങ്ങനെ ലിസ്റ്റില്‍ എത്തി എന്ന് നോക്കേണ്ട കാര്യമില്ല. ഇന്റര്‍വ്യു ദൃശ്യങ്ങള്‍ തരുന്നത് നല്ല രീതിയല്ല. അവിടെ അഭിമുഖത്തിന് വന്ന എല്ലാവരോടും സമ്മതം വാങ്ങി മാത്രമേ അത് ചെയ്യാനാവൂ. കോടതി ആവശ്യപ്പെട്ടാല്‍ അത് നല്‍കും. തേര്‍ഡ് പാര്‍ട്ടിക്ക് നല്‍കുന്നതിന് തടസങ്ങളുണ്ട്. പ്രിയ വര്‍ഗീസിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട ഡോക്യുമെന്റ്‌സ് കിട്ടിയാല്‍ കോടതി ഉത്തരവനുസരിച്ച് വീണ്ടും പരിശോധിക്കും. ഇനി അഭിമുഖമുണ്ടാവില്ല. പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാല്‍ സ്വാഭാവികമായും രണ്ടാം റാങ്കുകാരനെ പരിഗണിക്കും.’

