സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് സവർക്കറുടെ കൊച്ചുമകൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു, ബ്രിട്ടീഷുകാരിൽ നിന്നും സവർക്കർ പെൻഷൻ പറ്റി തുടങ്ങിയ പരാമർശങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയത്.

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സമാന പരാമർശം നടത്തിയെന്നും അദ്ദേഹത്തിന് എതിരെയും മാനനഷ്ട കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെജിഎഫ് 2ലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി നേരത്തെ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എംആർടി മ്യൂസിക്കാണ് രാഹുലിനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് കെ.ജി.എഫ്-2ലെ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് കേസ്. പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് എംആർടി മ്യൂസിക് പരാതി നൽകിയത്. കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകർപ്പവകാശം ലഭിക്കാൻ കോടികളാണ് തങ്ങൾ ചെലവഴിച്ചതെന്നാണ് കമ്പനി നൽകിയ പരാതിയിൽ പറയുന്നത്. ഗാനങ്ങൾ പാർട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്നും കമ്പനി അറിയിച്ചിരുന്നു.