രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരെ പുനഃപരിശോധന ഹർജി നൽകി കേന്ദ്രം

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി. കേന്ദ്ര സർക്കാരാണ് പുന:പരിശോധനാ ഹർജി നൽകിയത്. വിശദമായി വാദം കേൾക്കാതെയാണ് പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം പുനഃപരിശോധന ഹർജി നൽകുന്നത്. നവംബർ പതിനൊന്നിനാണ് കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും സുപ്രീംകോടതി മോചിപ്പിക്കാൻ ഉത്തരവിട്ടത്. കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനി, നളിനിയുടെ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരെയാണ് വിട്ടയച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. 1991 മെയ് 21 -ന് രാത്രിയായിരുന്നു സംഭവം.