ഓപ്പറേഷൻ ലോട്ടസ്; തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി തെലങ്കാന പോലീസ്

തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളിയ്ക്ക് നോട്ടീസ് നൽകി തെലങ്കാന പോലീസ്. നവംബർ 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘം മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. തെലങ്കാനയിലെ ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ടാണ് നടപടി. തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് തെലങ്കാന പോലീസ് നോട്ടീസ് നൽകിയത്. നൽഗൊണ്ട എസ് പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചു കുളങ്ങരയിലെത്തിയത്.

തുഷാറിന്റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. തെലങ്കാന രാഷ്ട്ര സമിതിയുടെ 4 എംഎൽഎമാർക്ക് കൂറുമാറാൻ ഇടനിലക്കാർ 100 കോടി വാഗ്ദാനം നൽകിയെന്നാണ് ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്ന് നേരത്തെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നേരത്തെ ആരോപിച്ചിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അറസ്റ്റിലായ മൂന്ന് ഏജന്റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാർ. കൃത്യമായി തെളിവുകൾ തന്റെ കൈവശമുണ്ട്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.