റഷ്യന്‍ മിസൈലുകളെ പ്രതിരോധിക്കുന്നതിനായി യുക്രൈന്‍ അയച്ച മിസൈലുകളാണ് കിഴക്കന്‍ പോളണ്ടില്‍ പതിച്ചതെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ മിസൈലാണ് പതിച്ചതെന്നറിയിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം, വാഴ്‌സയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പോളണ്ടില്‍ പതിച്ചത് റഷ്യന്‍ മിസൈലാണെന്ന വാര്‍ത്തകള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും തള്ളിയിരുന്നു.
എന്നാല്‍, ബാലിയിലെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബൈഡന്‍, മിസൈല്‍ പതിച്ചതിന് പിന്നാലെ ഉച്ചകോടിക്കെത്തിയ നാറ്റോ അംഗരാജ്യങ്ങളിലെയും ജപ്പാനിലെയും ഭരണാധികാരികളുമായി അടിയന്തര ചര്‍ച്ച നടത്തിയതിനു പിന്നാലെ പോളണ്ടില്‍ പതിച്ചത് റഷ്യന്‍ മിസൈല്‍ അല്ലെന്ന് അഭിപ്രായപ്പെട്ടു. പോളണ്ടിന്റെ പ്രസിഡന്റ് ആന്ദ്രേയ് ദൂദയും ഇതുതന്നെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ നിര്‍മിത മിസൈലാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതേസമയം, ലക്ഷ്യം തെറ്റിയ മിസൈല്‍ കിഴക്കന്‍ പോളണ്ടിലെ ഗ്രാമമായ സെവോഡോയില്‍ പതിച്ചുണ്ടായ സ്‌ഫോടനത്തില്‍ നേരത്തെ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിച്ചിരുന്നു. സൈന്യത്തോട് സജ്ജമാകാന്‍ നാറ്റോ നിര്‍ദേശിക്കുകയും ചെയ്തു. അതിനിടെ ജി 20 ഉച്ചകോടിയില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനം ഉ്ന്നയിച്ചു.

