വാഷിംഗ്ടണ്‍: 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്. മത്സരിക്കാന്‍ താന്‍ തയാറാണെന്ന സൂചന മിയാമിയില്‍ വച്ച് കഴിഞ്ഞ ദിവസം ട്രംപ് നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മത്സരിക്കുന്നതിനുള്ള പേപ്പറുകള്‍ ഫെഡറല്‍ ഇലക്ഷന് കമ്മീഷന് മുന്നില്‍ ട്രംപ് സമര്‍പ്പിച്ചു.
അതേസമയം, അമേരിക്കയുടെ മടങ്ങിവരവ് തന്നിലൂടെയാകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ മഹത്തരമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം തവണയാണ് ട്രംപ് യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്. 2016ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തോല്‍പ്പിച്ചാണ് ട്രംപ് പ്രസിഡന്റായത്. 2021ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടപ്പോള്‍ തന്നെ 2024ല്‍ താന്‍ മത്സരിക്കുമെന്ന സൂചനകള്‍ ട്രംപ് നല്‍കിയിരുന്നു.
‘ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024’ എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികള്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്.

