തിരുവനന്തപുരം: കറ കളഞ്ഞ മതേതരവാദിയാണ് കെ. സുധാകരനെന്നും ഇക്കാര്യത്തില്‍ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സര്‍ട്ടിഫിക്കറ്റ് സുധാകരന് വേണ്ടെന്നും രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
‘കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതില്‍ നിന്നും സുധാകരന്‍ വ്യതിചലിച്ചിട്ടില്ല. കറ തീര്‍ന്ന മതേതരവാദിയായാണ് സുധാകരന്‍ ഇതുവരെയും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതും നിലപാടുകള്‍ സ്വീകരിച്ചതും. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്‌ബോള്‍ പിന്നെ വിവാദം ആവശ്യമില്ല. മാധ്യമങ്ങള്‍ കുത്തി ചോദിക്കുമ്‌ബോള്‍ അദ്ദേഹം ക്ഷുഭിതനായി കാണാം. പ്രസ്താവനയില്‍ ചില ആശങ്കകളുണ്ട്. അക്കാര്യം സംസാരിക്കുന്നുണ്ട്. വിഷയത്തില്‍ മുസ്ലിം ലീഗിന്റെ ആശങ്കയില്‍ തെറ്റുപറയാനാകില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യും. ഞാനും പ്രതിപക്ഷ നേതാവും പറയുന്നത് ഒരേ കാര്യമാണ്’- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുധാകരനുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല അറിയിച്ചു.

