ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിറ്റിംഗ് എംപിമാരും മുൻ എംപിമാരുമുൾപ്പെടെ 51 നേതാക്കൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്നുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. 51 പേരിൽ എത്രപേരാണ് സിറ്റിംഗ് എംപിമാരെന്നും എത്രപേരാണ് മുൻ എംപിമാരെന്നും വ്യക്തമായിട്ടില്ല.
എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന ഹർജിയിൽ അമിക്കസ് ക്യൂറിയായി നിയമിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. മുൻ, സിറ്റിംഗ് അംഗങ്ങൾ ഉൾപ്പെടെ എംപിമാർക്കും എംഎൽഎമാർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നൽകിയ 121 കേസുകൾ കെട്ടിക്കിടക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങളും നിരീക്ഷണവും ഉണ്ടായിരുന്നിട്ടും എംപിമാർക്കും എംഎൽഎമാർക്കുമെതിരെ ധാരാളം ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ 71 നിയമസഭാംഗങ്ങളും (എംഎൽഎ) ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും (എംഎൽസി) പ്രതികളാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

