തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് ജില്ലകളും ജാഗ്രത പുലര്‍ത്തണം. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തണം. തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
അതേസമയം, ഓരോ ജില്ലകളും ആക്ഷന്‍ പ്ലാനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി ഇതിന് വിനിയോഗിക്കണം. സംസ്ഥാനതലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കാനും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വെക്ടര്‍ കണ്ട്രോള് യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കണം. ആവശ്യമായ ഹൈ റിസ്ക് പ്രദേശങ്ങളില്‍ ഡിവിസി യൂണിറ്റുകളെ വിന്യസിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അതത് സ്ഥലങ്ങളില്‍ നിന്ന് തന്നെ നല്‍കേണ്ടതാണ്. ആഴ്ചയിലുള്ള റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ വിലയിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം.
മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം.
ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലെയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.
അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവ ശ്രദ്ധിക്കണം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
ഫോഗിംഗ് ശാസ്ത്രീയമാക്കണം.
സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

