സാമ്ബത്തിക പ്രതിസന്ധി: അടിയന്തര സഹായം നല്‍കണം; കേന്ദ്രധനമന്ത്രിയെ കണ്ട് മന്ത്രി കെ.എന്‍ ബാലഗോപാല്‍

കേരളത്തിലെ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് 6835 കോടി രൂപയുടെ അടിയന്തര സഹായം നല്‍കണമെന്നും 4060 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഡല്‍ഹിയില്‍. സംസ്ഥാനം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച ധനമന്ത്രി വായ്പാ പരിധി നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതേസമയം, സംസ്ഥാനത്തിന് കൂടുതല്‍ കടമെടുക്കാനുള്ള സാഹചര്യമില്ലാതായതോടെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വിതരണം പോലും അവതാളത്തിലായി. സര്‍ക്കാര്‍ ഗാരന്റി നല്‍കുന്നതില്‍ നിയന്ത്രണമുള്ളതിനാല്‍ ആഭ്യന്തരകടമെടുപ്പിന് പോലും പ്രതിസന്ധിയുണ്ട്. വായ്പാ അനുമതി ഡിസംബര്‍ വരെ 17936 കോടിയായി ചുരുക്കിയിട്ടുണ്ട്. ഇതില്‍ 13936 കോടിയും എടുത്തുകഴിഞ്ഞു. ബാക്കി വരുന്ന 4000കോടി അടുത്ത മാസത്തെ ശമ്ബള, പെന്‍ഷന്‍ വിതരണത്തിന് പോലും തികയില്ല.

കിഫ്ബി, സാമൂഹ്യസുരക്ഷാ വിതരണ കമ്ബനി എന്നിവയെടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ പെടുത്തരുത്, മറ്റ് കടബാദ്ധ്യത 7813.06കോടിയായി കുറഞ്ഞത് കണക്കിലെടുത്ത് വായ്പാഅനുമതി പരിധി കൂട്ടണം, നടപ്പ് സാമ്ബത്തിക വര്‍ഷം കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണം, ഊര്‍ജ്ജ മേഖലയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെ 4060 കോടി രൂപ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണം, സര്‍വ്വകലാശാലകളില്‍ ശമ്ബളവര്‍ദ്ധന നടപ്പാക്കിയപ്പോള്‍ കുടിശിക നല്‍കിയ വകയില്‍ സംസ്ഥാനം ചെലവിട്ട 750.93കോടിയും നഗരവികസനത്തിനുള്ള സഹായമായ 613കോടിയും കേന്ദ്രത്തിന്റെ യുണൈറ്റഡ് ഗ്രാന്‍ഡായ 139.20കോടിയും ആരോഗ്യസഹായമായ 559കോടിയും ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടാനുള്ള 1548 കോടിയും മൂലധനവികസനസഹായമായ 3224.61കോടിയും ചേര്‍ത്ത് 6835 കോടിരൂപ ഉടനടി അനുവദിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.