നിർബന്ധിത മതപരിവർത്തനം നിർത്തലാക്കിയില്ലെങ്കിൽ വളരെ പ്രയാസമേറിയ സാഹചര്യം ഉടലെടുക്കും; മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഗൗരവമേറിയ വിഷയമാണിതെന്ന് സുപ്രീം കോടതി അറിയിച്ചു. നിർബന്ധിത മതപരിവർത്തനം നിർത്തലാക്കിയില്ലെങ്കിൽ വളരെ പ്രയാസമേറിയ സാഹചര്യം ഉടലെടുക്കുമെന്നും കോടതി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും നിർബന്ധിത മതപരിവർത്തനത്തിനെതിരെ ആത്മാർഥമായ പരിശ്രമമുണ്ടാകണം. എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണമെന്നും കേന്ദ്ര സർക്്കാരിന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് എം.ആർ.ഷാ, ഹിമ കോലി തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ വരെ ബാധിക്കും. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താനുളള അവകാശം ആർക്കും നൽകുന്നില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. അതേസമയം, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമം ഉണ്ടെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.