ജീവിതപങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു; ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതക കഥ

ന്യൂഡൽഹി: ഡൽഹിയിൽ ജീവിത പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വലിച്ചെറിഞ്ഞ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സീരിയൽ കില്ലറായ ഡെക്സ്റ്റർ മോർഗന്റെ കഥ പറഞ്ഞ അമേരിക്കൻ ടിവി പരമ്പരയായ ‘ഡെക്സ്റ്ററി’ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അഫ്ദാബ് അമീൻ പൂനവാല എന്ന ഇരുപത്തെട്ടുകാരൻ ജീവതപങ്കാളിയെ കൊലപ്പെടുത്തിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ മെയ് മാസമാണ് യുവാവ് ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി പലയിടങ്ങളിലായി വലിച്ചെറിഞ്ഞത്. ശനിയാഴ്ചയാണ് ഡൽഹി പൊലീസ് അഫ്താബ് അമീനെ അറസ്റ്റ് ചെയ്തത്. ശ്രദ്ധയെ തട്ടിക്കൊണ്ടു പോയതായി കാട്ടി പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ശ്രദ്ധയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ ശേഷം ഇവ സൂക്ഷിക്കാനായി പ്രതി പുതിയ ഫ്രിഡ്ജും വാങ്ങിയിരുന്നു. പിന്നീട് 18 ദിവസങ്ങളെടുത്താണ് ഇയാൾ ഓരോ ഭാഗങ്ങളും ഉപേക്ഷിച്ചത്. മെഹ്‌റൗളി വനമേഖലയുടെ വിവിധ ഭാഗങ്ങളിലാണ് ഇയാൾ ഈ കഷ്ണങ്ങൾ ഉപേക്ഷിച്ചിച്ചത്. മുൻപ് ഇയാൾ ഷെഫായി ജോലി ചെയ്തിട്ടുണ്ട്. ഇറച്ചിക്കത്തി ഉപയോഗിക്കുന്നതിലെ പരിചയത്തിലാണ് ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കിയത്. ഫൊറൻസിക് വിദഗ്ധനായ ഡെക്‌സറ്റർ മോർഗൻ എന്നയാൾ രാത്രി കാലങ്ങളിൽ സീരിയൽ കില്ലറായി മാറുന്ന യുഎസ് ടിവി പരമ്പരയിൽ നിന്നാണ് ഇയാൾ പ്രചോദനം ഉൾക്കൊണ്ടതെന്നും പോലീസ് കണ്ടെത്തി.